
ചെങ്ങന്നൂർ: മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും മണിമല വയലിൽ കരിക്കാട്ടൂർ ജയപ്രകാശിന്റെ മകനുമായ ജോയൽ ആൻ്റണി (പ്രകാശ്- 20) യുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്തുനിന്നും അമ്പത് മീറ്ററോളം മാറിയുള്ള ഒരു കയത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മൂന്ന് സഹപാഠികൾക്കൊപ്പം മംഗലം
പാറക്കടവിൽ കുളിക്കാനിറങ്ങിയ ജോയൽ പെട്ടെന്ന് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തി വെള്ളിയാഴ്ച
രാത്രി വൈകും വരെ ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒഴുക്കും വെളിച്ചക്കുറവും മൂലം രാത്രി വൈകി തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ ഫയർഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും നാട്ടുകാരും ചേർന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് മൃതദേഹം കണ്ടെത്താനായത്.
ചെങ്ങന്നൂർ പോലീസ് കേസെടുത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.











